Thursday, February 17, 2011

രാജസോമ കല്യാണ മണ്ഡപം

പന്തളത്ത് രാജസോമ കല്യാണ മണ്ഡപം നിര്‍മ്മിച്ചപ്പോള്‍ അതിന്റെ മുതലാളി പോലും കരുതിക്കാണില്ല  താന്‍ ചെയ്യുന്നത് ഒരു സേവനം കൂടി ആകുമെന്ന്. പന്തളം കോളേജിലെ വലിയൊരു വിഭാഗം ആണ്‍കുട്ടികള്‍ക്കും താന്‍ മൂലം ഒരു നേരത്തെ ആഹാരത്തിന് വഴി ഉണ്ടാകും എന്നു സ്വപ്നത്തില്‍ പോലും അദ്ദേഹം കരുതി കാണില്ല.കോളേജ് ക്യാന്റീനില്‍ നിന്നും പത്തു രൂപയ്ക്ക് ഒരു ഊണ് വാങ്ങി അത് പതിനഞ്ചു പേര് കൂടി കയ്യിട്ടിളക്കി കഴിച്ചു മടുക്കുമ്പോഴും, പെണ്‍കുട്ടികള്‍ കൊണ്ടു വരുന്ന പൊതിയില്‍ കടിച്ചു പറിക്കാന്‍ കാര്യമായ കൂട്ടാന്‍സ് ഒന്നും തടയാതെ  വരുമ്പോഴും ഞങ്ങള്‍ക്ക് ആശ്രയമായത് രാജസോമയിലും, കുടശ്ശിനാട് പള്ളിയിലും, തുമ്പമണ്‍ പള്ളിയിലും ഒക്കെ വച്ച് നടക്കുന്ന വിവാഹ മാമാഗങ്ങള്‍ ആയിരുന്നു. അമ്പലങ്ങളില്‍ വച്ച് നടക്കുന്ന കല്യാണങ്ങള്‍ ഞങ്ങള്‍ മനപ്പൂര്‍വം  ഒഴിവാക്കുമായിരുന്നു. മറ്റൊന്നും കൊണ്ടല്ല ചിക്കനും മട്ടനും ഒന്നും ഇല്ലാത്ത ഒരു ഉച്ചയൂണിനെ പറ്റി അക്കാലത്തു ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി പറ്റില്ലായിരുന്നു. ശീലിച്ചു പോയെ.!!.അതാ.!! അങ്ങനെ ഇത്തരം  സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍  ഉള്ള  ഒരു ബുധനാഴ്ച ദിവസം ആണ് ഈ കഥ നടക്കുന്നത്.     
രാവിലെ മുതല്‍ ക്ലാസ്സ്‌ മുറികളില്‍  ഇരുന്നു മടുത്ത (സ്വന്തം ക്ലാസ്സില്‍ അല്ല.) ഞങ്ങള്‍ക്ക് വയറിനുള്ളില്‍ നിന്നും വന്ന ചില പ്രത്യേക തരം നാഥ വിസ്മയങ്ങള്‍ സമയം ഒരു മണി ആയെന്നു ഓര്‍മിപ്പിച്ചു."ഞങ്ങള്‍" എന്നു പറയുമ്പോള്‍ കെമിസ്ട്രി മെയിന്‍ എടുത്ത ഞാനും, പ്രവീണും ബോബിയും ഹാരൂനും, ബി.കോമില്‍ ഉള്ള റോഷനും അരവിന്ദും(ഡോയ്),ആഷിക്കും(ജബ്ബ ), പിന്നെ സാമ്പത്തിക  ശാസ്ത്രം പഠിക്കണം എന്ന മോഹവമായി കെമിസ്ട്രി ക്ലാസിനു മുന്‍പില്‍ കറങ്ങി നടന്ന മഹേഷും (പോണ്ണന്‍) ബയോ കെമിസ്ട്രിക്കാരനായ കണ്ണനും!!. അന്ന് ഞങ്ങളുടെ ലിസ്റ്റില്‍ രണ്ടു കല്യാണം ഉണ്ട് രാജസോമയിലും, കുടശ്ശിനാട് പള്ളിയിലും!!. കല്യാണം ഉണ്ടെങ്കില്‍ വധു വരന്‍ മാരുടെ പേര് വച്ച ബോര്‍ഡുകള്‍ രാവിലെ തന്നെ പ്രദര്‍ശനത്തിനു  വക്കും. ഇത്‌ കണ്ടു മനുസ്സിലാക്കി, അത് ഏതു മത വിഭാഗത്തില്‍ പെട്ടവരുടെ കല്യാണം ആണ്  എന്നൊക്കെ ഉള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് രാവിലെ അത് വഴി ബസ്സില്‍ കോളെജിലേക്ക് വരുന്ന പെണ്‍കുട്ടികള്‍ ആയിരുന്നു.ഇതിനു വേണ്ടി ഞങ്ങള്‍ അവര്‍ക്ക് പ്രത്യേക ട്രെയിനിങ്ങും കൊടുത്തിരുന്നു. ഓടുന്ന ബസ്സിലും, തിരക്കുള്ള ബസ്സിലും ഒക്കെ ഇരുന്നു എങ്ങനെ കൃത്യമായി വധൂ വരന്മാരുടെ പേര് വായിക്കാം എന്നൊക്കെ ഉള്ളത് അവര്‍ക്ക് മനപ്പാഠം  ആയിരുന്നു. എന്തായാലും അന്ന് കിട്ടിയ വിവരം അനുസരിച്ച് കുടശിനാട്ട് ഏതോ ഒരു അനീസയുടെയും,നിസ്സമിന്റെയും വിവാഹം ആയിരുന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി ഹരൂണും മഹേഷും കണ്ണനും കൂടി ബൈക്കില്‍ വച്ചടിച്ചു കുടശിനട്ട്. മട്ടണ്‍ ബിരിയാണി ആകും ഓടുന്ന  ബൈക്കില്‍ ഇരുന്നു മഹേഷ്‌ വിളിച്ചു പറഞ്ഞു.
അതല്ല പുലാവ് ആകുമെന്ന് കണ്ണനും, അപ്പവും മട്ടന്‍ സ്റ്റുവും ആകുമെന്ന് ഹരൂണും വാദിച്ചു.
പക്ഷെ രാജസോമയിലെ കല്യാണം ആരുടെതാണ് എന്ന  വിവരം ഞങ്ങള്‍ക്ക് അന്ന് ലഭിച്ചിരുന്നില്ല. അന്ന് ഇന്ഫോര്മര്‍ കോളേജില്‍ വന്നില്ലായിരുന്നു.
"വാ ഏതായാലും പോയി നോക്കാം.." അരവിന്ദ് വിശപ്പ്‌ സഹിക്ക വയ്യാതെ പറഞ്ഞു.
"ഡാ ഇന്നു ഞാന്‍ കൂടി വന്നോട്ടെ ??" ജബ്ബ റോഷനോട് കെഞ്ചി.
"വേണ്ടാ..വേണ്ടാ .നിനക്ക് ഞങ്ങള്‍ പത്തു രൂപ തരാം പോയി ക്യാന്റീനില്‍ നിന്നും കഴിച്ചോ.. ". റോഷന്‍ കണ്ണില്‍ ചോര  ഇല്ലാതെ പറഞ്ഞു.
സ്നേഹമില്ലാത്തത് കൊണ്ടൊന്നും അല്ല ജബ്ബയെ ഞങ്ങള്‍ കൊണ്ടുപോകാത്തത്. ഇതു വിളിക്കാത്ത കല്യാണത്തിനാണ്   പോകുന്നത്.
റിസ്ക്‌ ഉള്ള പണിയാണ്. ജബ്ബയെ കൊണ്ടു പോയാല്‍ അവന്‍ എന്തെങ്കിലും മണ്ടത്തരം കാട്ടി സംഗതി കുളമാക്കും. അല്ല, മുന്‍പ് അങ്ങനെ പറ്റിയിട്ടുമുണ്ട്.
ജബ്ബ നിരാശനായി പത്തു രൂപയും വാങ്ങി ക്യാന്‍ടീനിലേക്ക്  പോയി .
"എനിക്കൊരു ഐസ് ക്രീമെങ്കിലും കൊണ്ടുവരണേ ". അവന്‍ പോകുന്ന വഴി വിളിച്ചു പറഞ്ഞു.
രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ അഞ്ചു പേരും രാജസോമയിലേക്ക് പോയി.
" ഡാ നീ ബോര്‍ഡ്‌ വായിച്ചോളണം.. കേട്ടോ.." . പ്രവീണ്‍ ബൈക്ക് ഓടിക്കുന്നതിനിടയില്‍ എന്നോട് പറഞ്ഞു.
"ഹാ ശരി.. ".
അവന്‍ ബൈക്ക് ഓടിച്ചു രാജസോമയ്ക്കുള്ളിലേക്ക്  കയറ്റുന്നതിനിടയില്‍  ഞാന്‍ വെളിയില്‍ വച്ചിരുന്ന ബോര്‍ഡ്‌ വായിക്കാന്‍ ഒരു ശ്രമം നടത്തി.
"ഡാ ആരുടെയാ കല്യാണം ??"
ബൈക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ പ്രവീണ്‍ ചോദിച്ചു.
"അളിയാ പയ്യന്റെ പേര് 'ജോര്‍ജു കുട്ടി' പക്ഷെ പെണ്ണിന്റെ പേര് വായിക്കാന്‍ പറ്റിയില്ല."
"ഹാ മതി. ഇനി പോയി വായിക്കാന്‍ ഒന്നും നില്ക്കണ്ടാ, അത് സംശയം ഉണ്ടാക്കും.. അവന്മാര്‍ കൂടി വരട്ടെ.."
ഞാനും പ്രവീണും ബാക്കി ഉള്ളവരെ കാത്തു നിന്നു.
ബോബിയും അരവിന്ദും റോഷനും എല്ലാം  തികഞ്ഞ കള്ളന്മാരെ പോലെ ആയിരുന്നു ഗേറ്റ് കടന്നു വന്നത്.പമ്മി പമ്മി...!!
"ഹോ അവന്മാരുടെ വരവ് കണ്ടോ ??!! കണ്ടാല്‍ തന്നെ മനുസിലാകും..എങ്ങനെ പെരുമാറണം എന്നു കൂടി അറിയില്ല, തെണ്ടികള്‍  !" പ്രവീണ്‍ ദേഷ്യം കൊണ്ടു ജ്വലിച്ചു.
വന്ന പാടെ ബോബി ഗ്ലാസ്സുകളില്‍ നിറച്ചു വച്ചിരുന്ന ജൂസ് ഒരു മൂന്നു ഗ്ലാസ്‌ അകത്താക്കി.
അത് കണ്ടാല്‍ കാണുന്നവര്‍ വിചാരിക്കും അവന്‍റെ അമ്മാവന്റെ  മകളുടെ കല്യാണം ആണെന്ന്.
"ഡാ ആരുടെയാ കല്യാണം ?? " റോഷന്‍ എന്നോട് ചോദിച്ചു.
"ഹാ ..ഏതോ ഒരു ജോര്‍ജു കുട്ടി. പെണ്ണിന്റെ പേര് വായിക്കാന്‍ പറ്റിയില്ല." ഞാന്‍ പറഞ്ഞു .
"മതി.. അത്രെയും മതി !! നമ്മള്‍ ചെറുക്കന്റെ കൂട്ടരാണ് എന്നു പറഞ്ഞാല്‍ പോരെ.." ഡോയി തന്‍റെ ബുദ്ദി പ്രദര്‍ശിപ്പിച്ചു.
"എന്നാലും ഇപ്പോഴെത്തെ കാലത്ത് ആരെങ്കിലും 'ജോര്‍ജു കുട്ടി' എന്നു പേരിടുമോ ??" . ബോബിക്ക് ഒരു സംശയം.
"എന്താ പറ്റാത്തത് ?? നമ്മുടെ ഗോവിന്ദന്‍ കുട്ടിക്ക് 'ഗോവിന്ദന്‍ കുട്ടി' എന്ന പെരിടമെങ്കില്‍ പിന്നെ ജോര്‍ജു കുട്ടിക്ക് എന്താ 'ജോര്‍ജു കുട്ടി' എന്ന പേരിട്ടാല്‍..??"  പ്രവീണിന്റെ ദേഷ്യം  ശമിച്ചില്ല എന്നു തോന്നി.
അപ്പോഴാണ് റോഷന്റെ ബുദ്ദി ഉണര്‍ന്നത്.
"ഡാ  അളിയാ ഇതു കല്യാണം അല്ല. മനസമ്മതാമ.." അവന്‍ മുരണ്ടു .
"അപ്പൊ കഴിക്കാന്‍ ഒന്നും കിട്ടൂലെ..??" ബോബി വീണ്ടും സംശയപ്പെട്ടു.
"ഒന്ന് മിണ്ടാതിരിയടാ *******.." .പ്രവീണ്‍ ബോബിക്ക് നേരെ കയര്‍ത്തു.
"അല്ല റോഷ നിനക്ക് ഇതു എങ്ങനെ മനുസിലായി..??" ഞാന്‍ രോഷനോട്  ചോദിച്ചു.
"കല്യാണം ആയിരുന്നെങ്കില്‍ ഇതിലും ആള്‍ക്കാര്‍ കണ്ടെനേം.. നീ അങ്ങോട്ട്‌ നോക്കിയേ ആകെ ഒരു നൂറു പേര് കാണും , അത്രെ ഒള്ളു.." റോഷന്‍  തെളിവ് സഹിതം തന്നെ വിശദീകരിച്ചു.           
സംഗതി അവന്‍ പറഞ്ഞപ്പോഴാണ് ഞങ്ങള്‍ ശ്രദ്ടിച്ചത്.ശരിയാ..  അപ്പോള്‍ ഇതു മനസമ്മതം തന്നെ.ഞങ്ങള്‍ ഉറപ്പിച്ചു.
"എന്നാ പുല്ലാണെങ്കിലും വാ... നമുക്ക് കേറി കഴിക്കാം.വിശെന്നെന്റെ*********
." അരവിന്ദിന്റെ ക്ഷമ കെട്ടു.
"ഡാ നമ്മള്‍ പയ്യന്റെ ആളുകള്‍ ആണ്.പയ്യന്റെ പേര് ജോര്‍ജു കുട്ടി .. മറക്കരുത്." ഞാന്‍ ഹാളില്‍ കയറുന്നതിനു മുന്‍പ് എല്ലാവരെയും ഒന്ന് കൂടി ഓര്‍മപ്പെടുത്തി.
നാല് പേര്‍ക്ക് മാത്രം ചുറ്റിനുമിരിക്കാവുന്ന ഒരു ആറോ ഏഴോ ടേബിള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ.അതില്‍ നിന്നും തന്നെ അവിടെ ഉണ്ടായേക്കാവുന്ന ജന പങ്കാളിത്തം ഊഹിക്കാമല്ലോ. ഏതായാലും ഞാനും റോഷനും ബോബിയും അരവിന്ദും ഒരു മേശയ്ക്കു ചുറ്റിനുമായി അണി നിരന്നു. പ്രവീണിന് മാത്രം ഞങ്ങള്‍ക്കൊപ്പം ഇരിക്കുവാന്‍ കഴിഞ്ഞില്ല.
ഇതിലൊക്കെ എന്ത് കാര്യം ? എവിടെ ഇരുന്നാല്‍ എന്താ എന്ന നിസ്സാര മട്ടില്‍ പ്രവീണ്‍ ഞങ്ങള്‍ക്ക് പുറകിലായി മധ്യവയസ്ക്കാരുടെ ഇടയില്‍ സ്ഥാനം പിടിച്ചു. 
ഫ്രൈഡു റൈസും, പൊരിച്ച  ചിക്കെനും, നെയ്‌ മീന്‍ ഫ്രയ്യും മട്ടന്‍ കറിയും എല്ലാം ടേബിളില്‍ കൊണ്ടു വച്ച മുറയ്ക്ക് തന്നെ കാലിയായി കൊണ്ടിരുന്നു . അങ്ങനെ എല്ലാം തീര്‍ത്ത് അവസാനം കൊണ്ടു വന്ന ഐസ് ക്രീമും നക്കി തുടച്ചപ്പോള്‍ ആണ്  നമ്മുടെ ജബ്ബ പറഞ്ഞത് ഓര്‍മ വന്നത്.അയ്യോ പാവം അവനു ഐസ് ക്രീം വാങ്ങിയില്ല.
അപ്പോഴേയ്ക്കും ഐസ് ക്രീം സപ്ലൈ ചെയ്യുന്ന ആള്‍ പ്രവീണിന്റെ അടുത്ത് എത്തിയിരുന്നു .
"ഡാ പ്രവീണേ ഒരു ഐസ് ക്രീം കൂടി വാങ്ങടാ... നമ്മുടെ ജബ്ബയ്ക്ക് .." റോഷന്‍ അവനോടു മെല്ലെ പറഞ്ഞു.
"ചേട്ടാ ഐസ് ക്രീം..." പ്രവീണ്‍ ഉടന്‍ തന്നെ ഐസ് ക്രീം സപ്ലൈ  ചെയ്ത സുമുഖനും വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്തിയിരുന്നതുമായ ആ വ്യക്തിയോട് കൈ പൊക്കി തന്‍റെ ആവശ്യം ഉന്നയിച്ചു.
അയാള്‍ അടുത്ത് വന്നു ഐസ് ക്രീമിന്റെ ഒരു പാക്കറ്റ് പ്രവീണിന്  നേരെ നീട്ടി.
അവന്‍ അത് വാങ്ങിയിട്ട് വിജയ ശ്രീലാളിതനായി  ഞങ്ങളെ ഒളി കണ്ണിട്ടു നോക്കി.
"പേരെന്തായിരുന്നു ?" . ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം. അതും ഐസ് ക്രീം സപ്ലൈ ചെയ്ത ചേട്ടന്റെ വക, പ്രവീണിന്  നേരെ.
" പ്ര ...പ്ര  ...പ്ര  .......പ്രിന്‍സ് മാത്യു ". ആദ്യം ഒന്നറച്ചു പോയെങ്കിലും പ്രവീണ്‍ ധൈര്യം  വീണ്ടെടുത്ത്‌ പറഞ്ഞു.
"പ്രിന്‍സ് എവിടുത്തെയാ ?? എനിക്ക് മനുസിലയില്ലാ".  അയാള്‍ വീണ്ടും പ്രവീണിനോട്  തിരക്കി.സംഗതി കയ്യില്‍ നിന്നും വിട്ടു പോകുന്നു എന്നു മനുസിലാക്കിയപ്പോള്‍ ഞങ്ങള്‍ മെല്ലെ എഴുന്നേറ്റു.അപ്പോഴേക്കും അപ്പുറത്ത് പ്രവീണ്‍ അടുത്ത ഉത്തരവും കൊടുത്തു കഴിഞ്ഞിരുന്നു .
"ഞാന്‍ പയ്യന്റെ ആളാ " 
"പയ്യനോ ??!! ഏതു പയ്യന്‍ ?? ". അയാള്‍ വിടുന്ന ലക്ഷണം കാണുന്നില്ല.
"കല്യാണ പയ്യന്‍.!.. അല്ല മാമോദിസ പയ്യന്‍ !... സോറി മനസമ്മദ പയ്യന്‍.!."  പ്രവീണ്‍ തകര്‍ന്നു തുടങ്ങി കഴിഞ്ഞു എന്നു ഞങ്ങള്‍ക്ക് മനുസിലായി.പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല.
"ഡാ കുഞ്ഞേ ഇത്‌ പ്ലന്തോട്ടിലെ ജോര്‍ജു കുട്ടിച്ചായന്  'കര്‍ഷകമിത്രം'  അവാര്‍ഡ്‌ കിട്ടിയതിനു പള്ളി കമ്മറ്റി സ്വീകരണം കൊടുത്തതാ . അല്ലാതെ കല്യാണവും മനസമ്മദവും  ഒന്നും അല്ല.കയറി വരുമ്പോള്‍ ബോര്‍ഡ്‌ വായിച്ചില്ലായിരുന്നോ.ഹാ ഏതായാലും ഐസ് ക്രീം കഴിക്കു നീ ". പ്രവീണിന്റെ കയ്യില്‍ അപ്പോള്‍ ഇരുന്ന ആ ഐസ് ക്രീമിന് പൊള്ളുന്ന ചൂടായിരിക്കും എന്ന  കാര്യം ഞാന്‍ പ്രത്യേകം പറയണ്ടല്ലോ..
" ഞാന്‍ മാത്രമല്ല എന്‍റെ കൂട്ടുകാരും ഉണ്ട്... ". ഇതും പറഞ്ഞു പ്രവീണ്‍ തിരിഞ്ഞു നോക്കിയതും കാലിയായി ഇരിക്കുന്ന കസേരകള്‍ കണ്ട് അവന്‍ വീണ്ടും  പൊട്ടി പിളര്‍ന്നു.
ഞങ്ങള്‍ അപ്പോഴേയ്ക്കും നല്ല കുട്ടികളായി ആദ്യമായി ഉച്ചയ്ക്ക് ശേഷം സ്വന്തം ക്ലാസ്സ്‌ മുറിയില്‍ തന്നെ കയറി.
                                                                                                           

Saturday, February 12, 2011

എന്‍റെ നിഷ്കളങ്കമായ ആ പഴയ പ്രണയം

പ്രിയ കൂട്ടുകാരെ..
ഇത്‌ എന്‍റെ കാമുകിയ്ക്ക്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കൊടുത്ത ഒരു സംഭവം ആണ്.
ഇതാണോ പ്രണയ ലേഖനം എന്ന്‌ ചോദിച്ചാല്‍ എനിക്കറിയില്ല.
പ്രണയം തലയ്ക്കു പിടിച്ച് അവളെ മാത്രം ഓര്‍ത്തു കിടന്ന ചില ഉറക്കം വരാത്ത രാത്രികളില്‍ ഞാന്‍ കുത്തി കുറിച്ച എന്തൊക്കെയോ ചിലത്..
അങ്ങനെ കരുതിയാല്‍ മതി..!!
ഇത്‌ ഞാന്‍ അവള്‍ക്കു കൊടുത്ത ദിവസം അവള്‍ എന്നെ വിളിച്ചു.
എന്നിട്ട് ചോദിച്ചു.
"നീ ഇത്‌ എന്നെ ഉദ്ദേശിച്ചു എഴുതിയതാണോ ??"
"അതെ"... എന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷെ അപ്പോഴേക്കും മരണാസന്നനായി കിടക്കുന്ന രോഗിക്ക് ഡോക്ടര്‍മാര്‍ വിധി എഴുതുന്ന പോലെ കേരള യുനിവേര്സിട്ടിയും എനിക്ക് ഒരു വിധി എഴുതി.
"ബി.എസ്.സി ഫൈനല്‍ ഇയര്‍ എക്സാം " കണ്ണില്‍ ചോര ഇല്ലാതെ അവര്‍ അതു ഡിക്ലയര്‍ ചെയ്തു.
പിന്നെ എന്ത് ചെയ്യാന്‍!! എല്ലാം മനസിന്‍റെ കോണില്‍ മാത്രം ഒളിപ്പിച്ചു വച്ച് ഞാനും ആ ഡോക്ടര്‍ പറഞത് കേട്ടു.
ക്ഷമയോടെ...!!
എക്സാം എഴുതി ജയിച്ചപ്പോളും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
ഒരു ജോലി വേഗം കിട്ടിയാല്‍ അവളെ സ്വന്തമാക്കാന്‍ പറ്റുമെന്ന് ...!
അതിനു വേണ്ടി അന്ന് കേരള പി .എസ്. സിയ്ടെ എല്‍. ഡി. സി എക്സാം എഴുതി.
എവിടെ കിട്ടാന്‍ !! എന്‍റെ നാട്ടില്‍ അന്ന് ആ എക്സാം പാസ്സായത്‌ മുപ്പത്തി രണ്ടു വയസ്സുള്ള ഹരി ചേട്ടന്‍ മാത്രം.
പിന്നെ ഉപരി പഠനത്തിനായി ബംഗാളൂരില്‍ വന്നു.
എം .സി. എക്ക് ചേര്‍ന്നു. ചേര്‍ന്നതിന്റെ നാലാം നാള്‍ അവളുടെ നിശ്ചയം.
പിന്നെ ഒന്നും വിചാരിച്ച പോലെ നടന്നില്ല.എല്ലാം കാലത്തിനൊത്ത് ഞാനും മറക്കുവാന്‍ ശ്രമിച്ചു. പക്ഷെ ഇപ്പൊഴും കാപട്യം നിറയാത്ത ഒരു പ്രണയം എന്നു പറയാന്‍ എനിക്ക് അത് മാത്രമേ ഒള്ളു.ഇവിടേ ഈ ഹൈ ടെക് സിറ്റിയിലെ ചില ദുഷിച്ച പ്രണയങ്ങള്‍ അത് നമുക്ക് മറക്കാം. അതിനൊക്കെ പ്രണയം എന്ന പേരിട്ടാല്‍ "രമണന്‍" എഴുതിയ ചങ്ങംപുഴയും, "രേണുക" എഴുതിയ മുരുകന്‍ കാട്ടാക്കടയും എന്നോട് പൊറുക്കില്ല.
പ്രണയത്തെ നേരം പോക്കായി കണ്ട ചില പെണ്‍ വിഷവിത്തുകള്‍...!!
ഒടുവില്‍ അവരുടെ താളത്തിനൊത്ത് ചലിക്കാത്ത ഒരു പാവ അല്ല ഞാന്‍ എന്നു മനുസിലക്കിയപ്പോള്‍ കൂട് വിട്ട്‌ കൂടണഞ്ഞ ചില പോസ്റ്റ്‌ മോഡേണ്‍ യുവത്വം!!!
അതൊക്കെ നമുക്കെ മറക്കാം ഈ നല്ല ദിനത്തില്‍....   
ആ സ്വപ്നങ്ങള്‍ നിറഞ്ഞ എന്‍റെ ആ പഴയ പ്രണയത്തിന്റെ ഓര്‍മ  കുറിപ്പായി അന്ന്  അവള്‍ക്കു കൊടുത്ത ആ പ്രണയ സൃഷ്ട്ടി ഞാന്‍ ഈ വലെന്‍ടായിഇന്‍സ് ഡേയില്‍ സമര്‍പ്പിക്കുന്നു....!!!
**********                                *********************                                 *********************************
"പൗര്‍ണമി നാളിലെ നിലാവിന്റെ ശോഭ ആയിരുന്നു നിനക്ക്.... ...
 എന്‍റെ സ്വപ്നത്തിലെ നിലാവിന് നിന്‍റെ മുഖമായിരുന്നു....
 പുലരിയുടെ പിറവിയിലും പോകുവാന്‍ മടികാട്ടി നില്‍ക്കുന്ന ജനുവരിയിലെ
  മഞ്ഞു   തുള്ളിയുടെ   മാര്‍ദവം ആയിരുന്നു നിന്‍റെ   മനസ്സിന്.....!
  നിന്‍റെ നിഷ്കളങ്കമായ പുഞ്ചിരി...
 പ്രണയം തുളുമ്പുന്ന കണ്ണിണകള്‍...
 ഇനി എനിക്ക് വയ്യ.... ....!!
 ഞാന്‍ നിന്നെ സ്നേഹിക്കുന്നു..
 നീ വീണ്ടും വരുവാന്‍ കൊതിക്കുന്നു ...!!
 അറിയില്ല നിന്നെ പ്രണയിച്ചതെപ്പോഴെന്നു ??!!
 ഓര്‍ക്കുവാന്‍ കഴിയുന്നില്ല...
 ഓര്‍മയുടെ പുസ്തകവും ചിതലരിച്ചു...
പക്ഷെ ഒന്നോര്‍മയുണ്ട് ....
 പൗര്‍ണമി നാളിലെ നിലാവിന്റെ ശോഭ ആയിരുന്നു നിനക്ക്..
 നിദ്രകളില്‍ എന്നും ഞാന്‍ തേടിയത് നിന്‍റെ മുഖം ആയിരുന്നു...
 നിന്‍റെ നിഷ്കളങ്കമായ ആ ചിരി ആയിരുന്നു..!
 കിനാവുകള്‍ എന്നെ അകലങ്ങളിലേക്ക് ക്ഷണിച്ചപ്പോള്‍ അറിയാതെ
 ഞാനും അവയ്ക്കൊപ്പം സഞ്ചരിച്ചു...
 അങ്ങനെ ഒരു പാട് ദൂരം ഞാനും എത്തി..... ..... ....
 ഒടുവില്‍ മടങ്ങുവാന്‍ വഴി തേടി അലയവേ ഞാന്‍ ആ സത്യം മനുസിലാക്കി..
 ഇനി ഒരു മടക്കയാത്ര അതെനിക്കാവില്ല.. ..
 കാരണം
 നിന്നെ ഞാന്‍ അത്രയ്ക്ക് സ്നേഹിച്ചു പോയി...""
                                                    -Happy vday4

Tuesday, February 1, 2011

തിരക്കഥ

ഇത്‌ ഈ വെള്ളിയാഴ്ച എന്‍റെ റൂമില്‍ നടന്ന ഒരു സംഭവം ആണ്.പിറ്റേ ദിവസം എല്ലാവര്‍ക്കും അവധി ആണല്ലോ എന്നു കരുതി ഞാന്‍ എല്ലാ ഫിനിഷിംഗ് വര്‍ക്കും കഴിഞ്ഞ എന്‍റെ തിരക്കഥയുമായി കൂട്ടുകാരെ സമീപിച്ചു. ബെഡ് റൂമില്‍ ചെന്നു ലൈറ്റ് ഇട്ടപ്പോള്‍ അഭിലാഷും സനോജും കെട്ടിപ്പിടിച്ചു മുടിഞ്ഞ ഉറക്കം.
ഇവന്മാര്‍ ഇത്ര പെട്ടന്ന് ഉറങ്ങിയോ? എന്നു സംശയിച്ചു ഞാന്‍ സമയം നോക്കിയപ്പോള്‍ ഒന്ന്‌ മുപ്പത്‌ ..
ഹോ! സമയം ഇത്രയും ആയ കാര്യം ഞാനും ഓര്‍ത്തില്ല. ക്ലൈമാക്സ് സീനുകള്‍ പടുത്തുയര്‍ത്തുന്ന തിരക്കില്‍ ഞാനും അതു ശ്രദ്ടിച്ചില്ല.
പൂര്‍ത്തിയായ സ്ഥിതിക്ക് ഇതിന്‍റെ ഒരു അഭിപ്രായം കിട്ടാതെ കിടക്കുക എന്നത് എന്നെ സംബന്ധിച്ചോളം നടക്കാത്ത ഒരു കാര്യം ആണ്‌ .
സനോജിനെ വിളിച്ചാല്‍ കൊടുങ്ങല്ലൂര്‍ ഭരണിക്കുള്ള വകുപ്പുള്ളത്  കൊണ്ടു ഞാന്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല.  
അതുകൊണ്ട് തന്നെ ഞാന്‍ അഭിലാഷിനെ മെല്ലെ വിളിച്ചു.
അഭിലാഷ് ആകുമ്പോള്‍ അല്‍പ്പം മയം കാണും. 
"ഡാ... അഭിലാഷേ.... ഡാ... നീ ഉറങ്ങിയോ?? ഡാ.................." ഞാന്‍ വിനയാന്വിതനായി കുലുക്കി വിളിച്ചു.
 അപ്പോള്‍ പിറന്നു വീണ ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്‍ മെല്ലെ കണ്ണു തുറക്കാന്‍ ശ്രമിച്ചു.
 മുറിക്കുള്ളിലെ ട്യൂബ് ലൈറ്റ് അവന്‍റെ ആ പ്രവര്‍ത്തിയെ തടയുവാന്‍ ആവുന്നത് ശ്രമിച്ചു.   
പക്ഷെ എന്‍റെ ഉള്ളിലെ ഇച്ചാ ശക്തിയെ തകര്‍ക്കാന്‍ മാത്രം ആ ട്യൂബ് ലൈറ്റ് വളര്‍ന്നില്ല.
"ഉം ..എന്തോന്നാ??........... വെള്ളം ഇല്ലഡാ... കാലിയായി " . ഞാന്‍ എന്നത്തേയും പോലെ വെള്ളം തിരക്കി വന്നതാണ്‌ എന്നു കരുതി അവന്‍ ഒരു ഉഴപ്പന്‍ മട്ടില്‍  മറുപടി പറഞ്ഞ ശേഷം വീണ്ടും ഇടത്തോട്ടു ചരിഞ്ഞു.
"ഡാ അതിനല്ലടാ... ഒരു കാര്യം പറയാനാ....നീ ഒന്ന്‌ എണീച്ചേ.. " ഞാന്‍ നമ്മുടെ  വിനയന്‍ സാറിനേക്കാള്‍ കൂടുതല്‍ വിനയാന്വിതനായി.
"ഉം ...  മനുസിലായി... അളിയാ പ്ലീസ് ഞാന്‍ ഒന്നുറങ്ങിക്കോട്ടേ..." അവനു ആ കാര്യവും മനുസ്സിലായി എന്നു തോന്നുന്നു.
പലപ്പോഴും ഇത്‌ പോലെ പല കഥകളുമായി അഭിപ്രായം തേടി ഞാന്‍ അവന്‍റെ ഒരു പാട് ഉറക്കം കളഞ്ഞിട്ടുണ്ട്.
"ഡാ അതിനൊന്നും അല്ല... നീ ഒന്ന്‌ എണീക്കടാ.." അവനില്‍ നിന്നുമേതായാലും ചീത്ത വിളി കേള്‍ക്കില്ല എന്നു എനിക്ക് ഉറപ്പ്‌ തോന്നി.
"പിന്നെ ???" അത്രയും പറഞ്ഞപ്പോള്‍ അവനും എന്തൊക്കെയോ ആകാംഷ തോന്നി.
"ഡാ നീ ചുമ്മാ കിടന്നാല്‍ മതി...ഞാന്‍ ഇതൊന്നു വായിച്ചു കേള്‍പ്പിക്കാം... നിന്‍റെ അഭിപ്രായം!! അതാണ് എനിക്ക് വേണ്ടത്.. എവിടെ തിരുത്തണം എന്നും നീ പറയണം... പ്ലീസ് ഡാ ...". ഞാന്‍ കാര്യം അവതരിപ്പിച്ചു.
"എന്‍റെ പൊന്നളിയാ നീ എന്നെ ഈ ബെഡ് ഉള്‍പ്പെടെ എടുത്തുകൊണ്ടു പോയി ആ 'കെ.ആര്‍ പുരത്തെ' റെയില്‍ വേ ട്രാക്കില്‍  കൊണ്ടു ഒന്നിടാമോ? പ്ലീസ്....ഏതെങ്കിലും ഒരു  ട്രെയിന്‍ വരാനെങ്കിലും ഒരു പതിനഞ്ചു മിനിറ്റു എടുക്കും. അത്രയും നേരം സുഖമായി ഉറങ്ങാമല്ലോ.!!.. എന്നോര്‍ത്താ!! പ്ലീസ്.." ഇത്രയും പറഞ്ഞിട്ട്  അഭിലാഷ് വീണ്ടും ഉറക്കത്തിലേക്ക്‌ മടങ്ങി.
ഇതിലും ഭേദം ആ സനോജ് തന്നെ ആയിരുന്നു.
അവന്‍ പറയാനുള്ളത് മുഖത്ത് നോക്കി തന്നെ പറയുമായിരുന്നു.
പറഞ്ഞു തീര്‍ന്നില്ല.. ദേ സനോജ് ഉണര്‍ന്നു.
"ഏതു- - - - - -ആണെടാ ലൈറ്റ് ഇട്ടത്??".
അവന്‍ ദൈവങ്ങളുടെ വാഹനങ്ങളുടെ പേര് ഉച്ചത്തില്‍ വിളിച്ചു തുടങ്ങി.
എന്‍റെ പഴനിമല മുരുഗാ.... എന്നോട് ക്ഷമിക്കണേ.!!!
ഞാന്‍ മെല്ലെ ലൈറ്റ് ഓഫ്‌ ചെയ്തു.
നാനൂറ്റി അന്പത് പേജു വരുന്ന ആ  തിരക്കഥ തലയിണയാക്കി ഞാനും കിടന്നു.
       
                  

പഴയ കാമുകി വിളിച്ചപ്പോള്‍

ഇന്നൊരു നീല ദിവസം ആയിരുന്നു.എന്‍റെ കാമുകി(കാമുകി എന്ന്‌ പറയുവാന്‍ ഇപ്പോള്‍ സാധിക്കില്ല. എങ്കിലും പറയുന്നു.അല്ലെങ്കില്‍ വേണ്ടാ. പഴയ കാമുകി ) അവള്‍ എന്നെ വിളിച്ചു. ഏകദേശം ഒരു വര്‍ഷത്തോളം ആയി ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട്.ഓര്‍ക്കൂട്ടില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും ഒക്കെ എന്നെ ഡിലീറ്റ് ചെയ്തതും അവള്‍ തന്നെ ആയിരുന്നു.ഇപ്പോഴെന്തേ അവള്‍ വിളിച്ചത് !?
എന്‍റെ പുതിയ നമ്പര്‍ അവള്‍ വീട്ടില്‍ വിളിച്ചു കൈക്കലാക്കിയതാണത്രെ.എന്തുകൊണ്ട് എത്രയും നാള്‍ അവള്‍ക്കി ബുദ്ധി തോന്നിയില്ല എന്ന്‌ ഞാന്‍ അതിശയിച്ചില്ല.കാരണം അവള്‍ എന്നെ അവസാനമായി വിളിച്ചത് അവളുടെ കല്യാണത്തിനായിരുന്നു.ഇന്ന് എന്തെ എന്നെ വിളിക്കാന്‍ ? ഞാന്‍ അത്ഭുതപ്പെട്ടു.
"എന്തെ രേഷ്മേ വിളിക്കാന്‍ ??
കുഞ്ഞിന്റെ പെരിടിലോ, അങ്ങനെ വല്ലതും ആണോ ??". ഞാന്‍ ആകാംഷപ്പെട്ടു. ഇനി അങ്ങനെ മാത്രമല്ലേ ചിന്തിക്കാന്‍ പറ്റൂ.
കുഞ്ഞു ഉണ്ടായ കാര്യം സഞ്ജു എന്‍റെ അടുത്ത് ഈ ഡിസംബറില്‍ പറഞ്ഞിരുന്നു.
"ഒന്നും അല്ലേടാ ചുമ്മാ നിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി വിളിച്ചതാ". രേഷ്മ കാഷ്വല്‍ ആയി.
"അനൂപ്‌ എന്ത് പറയുന്നു ??" ഞാന്‍ ചോദിച്ചു. അവളുടെ ഹസ്സിനെ മറക്കാന്‍ പറ്റില്ലല്ലോ.
"ചേട്ടന്‍ സുഖമായി ഇരിക്കുന്നു". സുഖമായി തന്നെ ഇരിക്കട്ടെ. ഞാന്‍ നെടുവീര്‍പ്പിട്ടു.
എന്തിനാണ് അവള്‍ വിളിച്ചത് എന്ന ചോദ്യം അപ്പോഴും എന്‍റെ മനസില്‍ നിറഞ്ഞു നിന്നു.
"നീ ഇപ്പോഴും ബംഗാളൂരില്‍ തന്നെ ആണോ ?". അവള്‍ തിരക്കി.
"അതെ. എന്താ?? "
"കെ ആര്‍ പുരത്താണോ??" അവള്‍ ജിജ്ഞാസയോടെ ചോദിച്ചു.
"അതെ .. എന്താ??"
"ഒരു കാര്യം അറിയുവാന്‍ വേണ്ടി ആയിരുന്നു."
"എന്താ??" എന്‍റെ ആകാംഷയും വര്‍ധിച്ചു.
"ഡാ ഒരു ടൂ ബെഡ് റൂം വീട് അവിടെ എവിടെയെങ്കിലും റെന്റിനു കിട്ടുമോ ? നിനക്കറിയാമോ ?? ഈ മാസം ഞങ്ങള്‍ക്ക് ഇവിടം വക്കേറ്റ്
ചെയ്യണം.അതാ ചോദിച്ചത്". ഒരു അറപ്പും കൂടാതെ അവള്‍ പറഞ്ഞു.
ബാക്ക് ഗ്രൗണ്ടില്‍ അപ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ ഞാന്‍ കേട്ടു.
അവള്‍ എന്‍റെ വിശേഷം തിരക്കാന്‍ വിളിച്ചതാണത്രെ !!!!!??

Monday, January 24, 2011

വിവേകിനും സല്‍മാനും ഒപ്പം എത്തുമോ പാവം സന്ദീപ്‌

വളരെ യാദ്രിചികമായി ആണ് ഞാന്‍ ഇന്നു ഏഷ്യാനെറ്റ്‌  കണ്ടത്. "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പ്രോഗ്രാം. അല്‍പ്പം മുന്‍പേ പത്തു മുപ്പതിന് .
ശരിക്കും എന്‍റെ കണ്ണ് നിറഞ്ഞു പോയി. സന്ദീപ്‌ എന്ന ചെറുപ്പക്കാരന്റെ കദന കഥ കേട്ട്. സന്ദീപിന്റെത് പ്രണയ വിവാഹം ആയിരുന്നു. പക്ഷെ അധികം നാളുകള്‍ നീണ്ടു നിന്നില്ല ആ ബന്ധം. ഒരു കുഞ്ഞു പെണ്‍കിടാവിനെ അവനു നല്‍കിയ ശേഷം അവള്‍ ഒരു സുപ്രഭാതത്തില്‍   മറ്റൊരാളുടെ കൂടെ  ഒളിച്ചോടി പോയി.ഒന്നും മനുസിലകാതെ സന്ദീപ്‌ പകച്ചു നിന്നു. നാട്ടിലെ അറിയപ്പെടുന്ന കലാകാരനും സാമൂഹ്യ സേവനത്തില്‍  പങ്കാളിയും ആയ ആ യുവാവ് അന്ന് മുതല്‍ നിശബ്ദനായി.കുടുംബത്തിലെ ഏക ആണ്‍ തരിയും, താങ്ങും തണലുമായി തീരേണ്ട ആ മകന്‍റെ അവസ്ഥ അവന്‍റെ അമ്മയെയും ഒരു ഭ്രാന്തി ആക്കി മാറ്റി. ഇന്നു സന്ദീപിന്റെ കുടുംബത്തില്‍ മാനസിക നില തെറ്റിയ രണ്ടു പേര്‍  സന്ദീപും അവന്‍റെ അമ്മയും, എല്ലാത്തിനെയും അതിജീവിച്ച അവന്‍റെ എഴുപത്തി ആറു വയസ്സുള്ള അച്ഛനും പിന്നെ സന്ദീപിന്റെ മകളും,അമ്മയെ ഇതുവരെ കണ്ടിട്ടില്ലാത്ത   ആ രണ്ടര വയസ്സുകാരി മിടുക്കി പെണ്‍കുട്ടിയും. ആ എഴുപത്തിയാറു വയസ്സുള്ള വൃദ്ധ പിതാവ് കൂലിപ്പണി എടുത്തു കുടുംബം പുലര്‍ത്തുന്നു.എല്ലാത്തിനും കാരണക്കാരി കപട സ്നേഹം നടിച്ചു സന്ദീപിന്റെ സ്നേഹം ഊറ്റി കുടിച്ച ആ  രക്തരക്ഷസ്സ് . ഇന്നും താന്‍ ജീവന് തുല്യം സ്നേഹിച്ച തന്‍റെ പ്രിയതമ പോയ വഴിയും നോക്കി സന്ദീപ്‌ ഇരുപ്പാണ് . എന്നെങ്കിലും അവള്‍ മടങ്ങി വരും എന്ന വ്യര്‍തമായ പ്രതീക്ഷ അവന്‍റെ ബോധ മനസ്സില്‍ ഉണ്ടാകാം. അവള്‍ മടങ്ങി വന്നാല്‍ തന്നെ തികഞ്ഞ ഭ്രാന്തന്‍ ആയി തീര്‍ന്ന സന്ദീപിന് ഇനി ഒരു മടങ്ങി വരവിനു സാധ്യത കുറവാണ്. സന്ദീപിന്റെ അവസ്ഥയ്ക്ക് കാരണമായ ക്രൂരയായ സ്ത്രീയെ നിങ്ങള്‍ ഒന്നോര്‍ക്കുക ഇന്നു ഏഷ്യാനെറ്റില്‍  ആ പ്രോഗ്രാം കണ്ട ഞാന്‍ ഉള്‍പ്പെടെ എല്ലാ  മനുഷ്യരുടെയും ശാപം നിനക്ക് മേല്‍ ഉണ്ടായിരിക്കും.സത്യം !!!!
                                            ********************************************************************************
ഇനി മറ്റൊരു കാര്യം. ഇന്നലെ സ്റ്റാര്‍ പ്ലുസ്സില്‍ ഒരു ഫിലിം ഫയര്‍ അവാര്‍ഡ് ഷോ ഉണ്ടായിരുന്നു .
സല്‍മാന്‍ ഖാനും , വിവേക് ഒബ്രോയും ഒരുമിച്ചിരുന്നു ഐശ്വര്യാ റായിയുടെ ഡാന്‍സ് കണ്ടു. രണ്ടു പേരും നല്ല വണ്ണം കയ്യി അടിക്കുകയും ചെയ്തു. വന്നു വന്നു പ്രണയവും പാവങ്ങളെ മാത്രം ബാധിക്കുന്ന ഒരു കലാരൂപമായി മാറിയോ എന്ന് എനിക്കും ഇപ്പോള്‍ തോന്നി പോകുന്നു.    

Thursday, January 20, 2011

ദീക്ഷ പട്ടേല്‍

ഇന്നു സന്ദീപ്‌ വിളിച്ചു. ഒരു കാരണവും ഇല്ലാതെ അവന്‍ വിളിക്കില്ല. ഇതിനു മുന്‍പും അങ്ങനെ ആയിരുന്നു.
അതുകൊണ്ട് തന്നെ അവന്‍ പറഞ്ഞ ഏഴു മണിക്കും പതിനഞ്ചു മിനിട്ട് മുന്‍പേ ഞാന്‍ മയൂരിയിലെത്തി.
ഓഫീസില്‍ നിന്നും നേരിട്ട് അവന്‍ മയൂരിയിലെതിയപ്പോള്‍ സമയം ഏഴര.
"നീ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തോ ??". അവന്‍ എന്നോട് ചോദിച്ചു.
"ഇല്ല". ഞാന്‍ വിനയാന്വിതാനായി പറഞ്ഞു.
അപ്പോഴേക്കും യുനിഫോറം ധരിച്ച രാജസേവകന്മാര്‍ എത്തി.
"യരട് പെഗ് എം സി വിസ്ക്കി, യരട് ചിക്കന്‍ കബാബ്.". സന്ദീപ്‌ തന്നെ ഓര്‍ഡര്‍ കൊടുത്തു.
"ആമേലെ ?? " രാജസേവകന്‍ പിന്നെയും ചോദിച്ചു.
അപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി.
" ഡാ എനിക്ക് പെഗ് വേണ്ടാ." ചിക്കന്‍ കബാബ് ഞാന്‍ വേണ്ടാ എന്നു പറഞ്ഞില്ല.
"അതെന്താ നീ കുടി നിര്‍ത്തിയോ ??" അവന്‍ ചോദ്യ രൂപേണ എന്നെ നോക്കി.
"അത് കൊണ്ടല്ല ഇന്നു വേണ്ട.."
"ശരി ഞാന്‍ നിര്‍ബന്ധിക്കുന്നില്ല" ..
"ശരി ഇപ്പ ഇത്‌ കൊട് അമേലെ ഹെള്തയതി.." അവന്‍ രാജസെവകനോട് പറഞ്ഞു.
*****************************************************************************************************
രണ്ടു പെഗ് അകത്തു ചെന്ന ശേഷമാണു അവന്‍ കാര്യം പറഞ്ഞത്. ഇന്നു അവന്‍റെ കാമുകി ദീക്ഷ പട്ടേലിന്റെ കല്യാണം ആയിരുന്നു അത്രെ..
ഞാന്‍ അപ്പോഴെ പറഞ്ഞില്ലേ ഒരു കാരണവും ഇല്ലാതെ സന്ദീപ്‌ വിളിക്കില്ല.. ഇതിനു മുന്‍പും ഇങ്ങനെ തന്നെ ആയിരുന്നു.ഇത്‌ പോലെ
സ്മൃതിയുടെയും, ഡയാനയുടെയും, സംഗീതയുടെയും കല്യാണത്തിനും അവന്‍ എന്നെ ഇത്‌ പോലെ വിളിച്ചിരുന്നു. ഇതില്‍ സംഗീതയുടെ കല്യാണത്തിന് ഞാനും പോയിരുന്നു. കാരണം അവള്‍ എന്‍റെ കൂട്ടുകാരി ആയിരുന്നു.. അന്നൊക്കെ രാത്രി പന്ത്രണ്ടു മണി വരെ ഞാന്‍ അവന്‍റെ കദന കഥകള്‍ കേള്‍ക്കുകയും ചെയ്തതാണ്.പക്ഷെ ഈ ദീക്ഷ പട്ടേല്‍ എന്ന മഹാരാഷ്ട്രക്കാരിയുമായുള്ള അവന്‍റെ ബന്ധം ഞാന്‍ അറിഞ്ഞിരുന്നില്ല..
അവന്‍റെ കഥ കേട്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്‍റെ മുഖത്ത് സാഹചര്യത്തിനനുസരിച്ചുള്ള ഭവമാറ്റങ്ങള്‍ വരുത്തി.
അപ്പോള്‍ വീണ്ടും രാജസേവകന്‍ എത്തി.
" ഒന്തു പെഗ് സെയിം വിസ്കി.. അമേലെ യര്ട് ചിക്കന്‍ ബിരിയാണി " . വിസ്കിയുടെ പേര് അവന്‍ മറന്നു പോയി ഇന്നു തോന്നുന്നു. എന്തായാലും രണ്ടുചിക്കന്‍ ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്തത് എന്നെ സന്തോഷിപ്പിച്ചു.
മൂന്നാമത്തെ പെഗ് കൂടി കഴിച്ചപ്പോള്‍ പാവം സന്ദീപ്‌ കരയുവാന്‍ തുടങ്ങി.
" ഡാ സാരമില്ല.. ഇതിലും നല്ല പെണ്ണിനെ നിനക്ക് കിട്ടും എല്ലാം മറന്നുകളാ.. ബി കൂള്‍ മാന്‍.." ചിക്കന്‍റെ കാലു കടിച്ചു മുറിക്കുന്നതിനിടയിലും ഞാന്‍ അവനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. അവനു എത്രയും പെട്ടന്ന് അടുത്ത കാമുകിയെ കിട്ടട്ടെ എന്ന് ഞാന്‍ മനസ്സില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
ഇനിയും ഇത്‌ പോലെ ചിക്കന്‍ കാലു കടിച്ചു മുറിക്കാന്‍ ഇടവരട്ടെ എന്നും....!!! !!!!!

Saturday, January 15, 2011

നല്ല ഉപദേശം

"നീ എന്തിനാ ഈ കോള്‍ സെന്റെറില്‍ ജോലി ചെയ്യുന്നത്.?? നിനക്ക് വേറെ നല്ല ജോബ്‌ കിട്ടുമല്ലോ.!! എനിക്ക് വീട്ടില്‍ പറയണമെന്നുണ്ടെങ്കില്‍ തന്നെ നിനക്ക് നല്ല ഒരു ജോബ്‌ വേണ്ടേ?? എം സി എ കഴിഞ്ഞിട്ടു ആരെങ്കിലും ചെയ്യുന്ന പണി ആണോ ഇത് ..? " അവള്‍ അല്‍പ്പം ദേഷ്യത്തോടെ ആണ് പറഞ്ഞത് . ഞാനും ആലോചിച്ചു നോക്കിയപ്പോള്‍ അതില്‍ അല്‍പ്പം ശരി ഉള്ളത് പോലെ തോന്നി ..!! എന്തിനാ വെറുതെ നാട്ടുകാരുടെ ചീത്ത വിളി കേള്‍ക്കുന്ന ഈ പണിക്കു നില്‍ക്കുന്നത്..പിന്നെ ഒന്നും ആലോചിച്ചില്ല മൂന്നാം പക്കം റിസൈന്‍ ചെയ്തു.!! പിന്നീടു പുതിയ ജോലി തേടിയുള്ള അലച്ചില്‍ ആയിരുന്നു.. വേഗത്തില്‍ മാസങ്ങള്‍ അങ്ങ് കടന്നു പോയി. നാലാം മാസം അവള്‍ അവളുടെ "കല്യാണത്തിന്" എന്നെ ക്ഷണിച്ചു. ഉറപ്പായും വരണം എന്നും പറഞ്ഞു ..ഞാന്‍ പോയില്ല.. മുന്‍പ് പറഞ്ഞ ആ "അലച്ചില്‍" മാത്രം ഇപ്പോഴും മുറയ്ക്ക് നടക്കുന്നു !!